ഒരു തെറിയില്‍ മാത്രം പറഞ്ഞവസാനിപ്പിക്കാവുന്ന കാര്യങ്ങള്‍


തമോഗര്‍ത്തത്തിലേക്കൂളിയിട്ട പുഴയുടെ
വാലില്‍ പിടിച്ചു വലിച്ച്
അവരാകെ
തളര്‍ന്നു പോയല്ലോ.

പുരോഹിതരായ പൂച്ചകള്‍
എലികളുടെ
വംശനാശത്തിനെതിരെ
പാര്‍ലമെന്റില്‍
ബില്ലവതരിപ്പിക്കുന്നത് നോക്കൂ.

മറ്റൊന്നുമല്ല കേള്‍ക്കുന്നത്
പരിണമിച്ചില്ലാതായ
ഹൃദയത്തിന്‍റെ
പുനരുദ്ധാരണത്തിന്
പ്രസംഗകന്‍
ആര്‍ത്തു വിളിക്കുന്നതാണ്.

പരിപ്പിന്റെ
ജാതകം നോക്കി
സാമ്പാറുപെക്ഷിച്ചവര്‍
പകല്‍ വെളിച്ചത്തില്‍
ദൈവത്തെ കുപ്പിയിലടച്ച്
കടലിലെറിയാറുള്ളതറിഞ്ഞില്ലേ.

കോടീശ്വരനായ ഗാന്ധി
കണ്ണീരില്‍ നിന്നും
ഉപ്പ് കുറുക്കി
ആകാശത്തേക്ക് വാരിയെറിയുന്നത്
ഇതേവരെ കണ്ടില്ലെന്നോ.

അതാ
ചിലര്‍ ഇരുന്നുറങ്ങുന്നു,
ചിലര്‍ നിന്നുറങ്ങുന്നു,
ചിലര്‍ നടന്നുറങ്ങുന്നു-
എല്ലാവരും കണ്ണ് തുറന്നു പിടിച്ചുറങ്ങുന്നു.....

പറ
ഇങ്ങനെയിങ്ങനെയുള്ള കാര്യങ്ങള്‍
ഒരു തെറിയിലല്ലാതെ
എങ്ങനെയാണ്
നമ്മള്‍  പറഞ്ഞവസാനിപ്പിക്കുക.

ഒരു തെറിയല്ലാതെ
എന്ത് പറഞ്ഞാണ്
നമ്മള്‍ ഈ നമ്മളെ ഉറങ്ങാന്‍ വിടുക.


നിങ്ങളുടെ കവിതയില്‍ രാഷ്ട്രീയമുണ്ടോ


ഉപ്പിനെക്കുറിച്ചാണ്
ഉപ്പിനെക്കുറിച്ചു തന്നെയാണ് 

ഞങ്ങള്‍
കടല്‍ വെള്ളം കൊണ്ട് 
പല്ല് തേക്കുന്നു 
വാ കഴുകുന്നു 
കുളിക്കുന്നു 

ചതവുകളില്‍ 
ഉപ്പ് വെച്ച്  തന്നെ കെട്ടുന്നു 

മുറിവുകള്‍ 
ഉപ്പ് വെള്ളം കൊണ്ട് തന്നെ കഴുകുന്നു.

എന്നിട്ടും 
നിങ്ങള്‍ ചോദിക്കുന്നു 

"നിന്‍റെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ" എന്ന് 
വീണ്ടും വീണ്ടും ചോദിക്കുന്നു.

സാക്ഷ്യം

സ്വിച്ചമര്‍ത്തിയാല്‍
പാളത്തില്‍ നിന്ന്
ചിതറിത്തെറിച്ച മാംസക്കഷണങ്ങളിലേക്കും
തളം കെട്ടിയ രക്തത്തില്‍
തുറിച്ചു നില്‍ക്കുന്ന കണ്ണുകളിലേക്കും
പരന്നിറങ്ങുന്ന വെളിച്ചം.

ഇല്ലെങ്കില്‍
നിശബ്ദതയിലേക്ക്‌
തുളഞ്ഞു കയറുന്ന മൂളലുകളും
ഓരിയിടലുകളും അടയിരിക്കുന്ന ഭീതിതമായ ഇരുട്ട്.

അതുകൊണ്ടല്ലേ
ശവത്തിനു കാവലിരിക്കുന്ന
പോലീസുകാരന്‍റെ
കയ്യിലെ
ടോര്‍ച്ചിന്
രാവേറുന്തോറും ഭാരമേറി വരുന്നത്.

അരികിലൊരു
പൂ വിരിയുന്നത്
അത്
കാണാതെ പോകുന്നത്.

ഇങ്ങനെ മാത്രം ചിരിക്കുക

ആവുന്നത്ര ഉച്ചത്തില്‍
ചിരിക്കാമെന്നൊന്നും വിചാരിച്ചേക്കരുത്.

ചിലപ്പോള്‍
മൂടിക്കെട്ടിയ കുടത്തിനുള്ളില്‍
ഒരു പട്ടിക്കുട്ടിയുമായി
മരമണ്ടനായ മല്ലന്‍
എല്‍ പി സ്കൂള്‍ വരാന്തയിലൂടെ
നടന്നു വന്നേക്കും

ചിലപ്പോള്‍
മറവിയെ കൊഞ്ഞനം കുത്തി
സുഹൃത്തിന്റെ
ചൂണ്ടല്‍ കൊളുത്തില്‍
ഒരു നീര്‍ക്കോലി കുടുങ്ങിയേക്കും.

വിക്കുള്ള
കണക്ക് മാഷിനെ
ആരെങ്കിലും അനുകരിച്ചെന്നിരിക്കും.

പക്ഷെ
വാ തുറക്കരുത്
പല്ല് പുറത്ത് കാണിക്കരുത്.

ചിരിക്കുന്നവരെ കണ്ടാല്‍
ഭ്രാന്തെടുക്കുന്നവരുടെ
നടുവിലകപ്പെട്ടവരേ .
തീരെ വയ്യെന്നാകില്‍
ദേ ഇങ്ങനെ
ചുണ്ടു മാത്രമൊന്നനക്കിക്കൊള്ളൂ.

ബൈനോക്കുലര്‍ കാഴ്ച

തൊട്ടുമുന്നില്‍ വെച്ച
ഒരു കണ്ണാടിയിലെന്ന പോലെ
കാണാം

ചിലന്തിവലകളിലോടുങ്ങുന്ന
പുളച്ചിലുകള്‍ക്കിടയിലൂടെ
കണ്ണടച്ച് ഊളിയിട്ട്

വിശന്നു വീണവരുടെ
ജഡങ്ങള്‍ക്കരികിലൂടെ
ഭയന്ന് വിറച്ച്

ചെങ്കുത്തായ മലയുടെ
താഴ്വാരത്തില്‍ വെച്ച്
പിറുപിറുത്തുകൊണ്ട്
യാത്രയുടെ ഗതി മാറ്റി

കടല്‍പ്പാലത്തിന്റെയറ്റത്ത്‌
കുറച്ചു നേരം നിന്ന്
തിരിച്ചിഴഞ്ഞ്

തിയേറ്റര്‍ ചുമരിലെ
മുറുക്കിത്തുപ്പിയ വന്കരകള്‍ കടക്കാന്‍
ഒരുറുമ്പ്
പരിശ്രമിക്കുന്നത്.

പച്ച നിറമുള്ള ഭൂതം

പേടിയാകുന്നു

മഴ നൂലുകളില്‍ നിന്ന്
വിഷം തീണ്ടി
കുട്ടികള്‍ മരിച്ചു വീഴുന്നു.

കുളത്തിലെ വെള്ളം
പെട്ടന്ന് തിളച്ചു മറിഞ്ഞ്
ആര്‍ക്കൊക്കെയോ പൊള്ളലേല്‍ക്കുന്നു.

ജനാലകള്‍ തുറന്നു വെച്ചിട്ടും
കാറ്റ് കടക്കാത്ത മുറികള്‍ക്കുള്ളില്‍
ശവഗന്ധം സഹിച്ചു
ചിലര്‍ തളര്‍ന്നു കിടക്കുന്നു.

എല്ലാവരും നോക്കി നില്‍ക്കെ
ചുമരുകള്‍ വിണ്ടുകീറി
ചോര കിനിയുന്നു
ചിത്രങ്ങള്‍ വീണുടഞ്ഞ്
തീപിടിക്കുന്നു.

അന്ന്
നമ്മള്‍
അണക്കെട്ട് കാണാന്‍ ബസ്സില്‍ പോകുമ്പോള്‍ 
പിന്നിലേക്കൊടിപ്പോയ
പച്ച നിറമുള്ള ഭൂതമാണത്രേ
ഒളിച്ചിരുന്ന്
ഇതെല്ലാം ചെയ്യുന്നത്.

ഒരു തളിരില കൊഴിയുന്നതിനു പിന്നില്‍

എന്നും രാത്രി
ഒരു വയസ്സന്‍ പുഴു
ഇളം ചുവപ്പുള്ള ഇലയുടെ
നിസ്സഹായതയിലൂടെ കിതച്ചിഴയും

ഒരുമിച്ചു മഴ നനയാം
ആകാശം തൊടാം എന്നൊക്കെ പറഞ്ഞ്
ഒരു സുന്ദരന്‍ പുഴു
കൂട്ടുകാരോടൊപ്പം
സ്വപ്‌നങ്ങളെ താലോലിക്കുന്ന ഇലയുടെ
പച്ച ഞരമ്പുകള്‍ കടിച്ചു പറിച്ച്കടന്നുകളയും

മാലാഖയെപ്പോലെ വരുന്ന
ഒരു സൂത്രക്കാരിയായ പുഴു
മരവിച്ചു നില്‍ക്കുന്ന ഇലയുടെ
പ്രതീക്ഷകളുണരുന്ന മുറിയുടെ അവസാനത്തെ കവാടങ്ങളും
ചില മാന്യന്മാരായ പുഴുക്കള്‍ക്ക് തുറന്നു കൊടുക്കും

രസം പിടിപ്പിക്കുന്ന കാഴ്ച്ചകളുടെയും കേള്‍വികളുടെയും നീരൂറ്റി
പുഴുക്കളായ പുഴുക്കളൊക്കെ
ചില്ലകളില്‍ ചാരിയിരുന്നു പുളകം കൊള്ളും.


അപ്പോള്‍
കട്ടപിടിച്ച ഇരുട്ടില്‍
മുഖം പൂഴ്ത്തിയാല്‍ മാത്രം മതിയെന്നാകുമ്പോള്‍
അവള്‍
മെല്ലെ കണ്ണടച്ച്,ഒരു ഇളം കാറ്റിന്റെ കൂടെപ്പോകും.

പ്രണയ പര്‍വ്വം


വരിക നീ പ്രിയേ
കാണ്കയീ മുറിപ്പാടുകള്‍
ഗഹന മൗനത്തിന്‍
കാമ്പുകളറിക,പാടുക
പ്രണയാര്‍ദ്രമായ്......

ഇരമ്പിയാര്‍ക്കും പകലിലീതെരുവില്‍,
പക മുളച്ചു കായ്ക്കുമീ തിരക്കില്‍,
പുഞ്ചിരിച്ചുഴിയില്‍നിന്നുതിരും-
കൊടും ചതിയുടെ ചൂരില്‍,
ദുര പെരുകിയയീ നഗരവനച്ചുടലയില്‍
വഴിയറിയാതുഴലുമെന്‍ കദനമെഴും
കരളിലനുരാഗ,സ്മിതഗാനം
മുഴക്കുക,സഖീയെന്നാലതിന്‍
കരുത്തില്‍ നമുക്കു നല്ലൊരു
കിനാവു കാണാം മരുപ്പച്ച കാണാം
ഉറവ കാണാം ചിരി കാണാം
നരനെക്കാണാമവന്റെ മനം കാണാം
ചാരത്തില്‍ പുനര്‍ജനിക്കുന്ന
ഒരു നുള്ളു സ്നേഹവും കാണാം.

കണ്ണാടിയില്‍ കൊത്തുന്ന കാക്കകള്‍


പൊട്ടിയ കണ്ണാടിയില്‍
ഒരു തെരുവുണ്ടെന്ന്
എല്ലാ കാക്കകളും സ്വപ്നം കാണുന്നു.

കറുത്ത ചിറകടിച്ച്
ആകാശമാര്‍ഗത്തില്‍
എത്ര ദൂരം വേണമെങ്കിലും പോകാനാവുമെന്ന്
എല്ലാവരും വിശ്വസിക്കുന്ന,

വക്രദൃഷ്ടി കൊണ്ട്
അത്ര വേഗത്തിലൊന്നും
എവിടെയും നുഴഞ്ഞു കയറാനാവില്ലെന്ന്
ആരെയും ഓര്‍മപ്പെടുത്താത്ത,
.
അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ച
കൊക്കുകളും വീഞ്ഞുകൊപ്പയും തമ്മില്‍
ഒരുപാടകലമുണ്ടെന്ന്
ആരും ചിന്തിക്കാത്ത

ഒരു തെരുവ്


കണ്ണാടി കാണുമ്പോള്‍
അങ്ങനെയൊരു തെരുവും
അതിനു മുകളിലൊരാകാശവും
ഒരുക്കിയെടുക്കാന്‍ കാക്കള്‍ പ്രയത്നിക്കുകയാവും 

ഒരു ഭ്രാന്തന്‍ റോഡു മുറിച്ചു കടക്കുമ്പോള്‍


ചെവി തുളയ്ക്കുന്ന
മുന്നറിയിപ്പുകളെയെല്ലാം
അവഗണിച്ച്

ഭയപ്പെടുത്തുന്ന
തിരക്കുകളെയാകെ
തിരസ്കരിച്ച്

കൈ വീശിയും,
ഉയര്‍ത്തിയും

കണ്ണടച്ചും,
തുറന്നും

ഒരു ഭ്രാന്തന്‍ റോഡു മുറിച്ചു കടക്കുമ്പോള്‍ ........

വന്യവേഗങ്ങളെ
മെരുക്കി നിര്‍ത്താനുള്ള
ഉപായങ്ങളില്‍ കുരുങ്ങി
മഞ്ഞ വരകളില്‍ കാലുറഞ്ഞു കിടക്കുന്നുണ്ട്

ഞാനും
എന്റ മുയലും
സിംഹവും.


വെറി

കറുത്ത കുതിരയുടെ
വെളുത്ത കോമ്പല്ല
പ്രശ്നം

കുതിര
കറുത്ത് പോയതാണ്.

കീഴടങ്ങല്‍

എന്റെ കവിളിലെ
ഒരിക്കലുമുണങ്ങാത്ത മുറിവുകളില്‍
നിന്‍റെ മുടിയിഴകള്‍ തൊട്ടിഴയുമ്പോള്‍

നിന്‍റെ കാതിന്‍റെ കീഴറ്റം
എന്റെ ചുണ്ടുകളെ
നിന്നിലേക്ക്‌ വലിച്ചടുപ്പിക്കുമ്പോള്‍

വെറുതെ വിരലുകളില്‍ കടിച്ചു വേദനിപ്പിക്കുന്ന
നിന്‍റെ കുസൃതിയില്‍
എന്റെ നഷ്ടങ്ങലെല്ലാം അലിഞ്ഞലിഞ്ഞില്ലാതാകുമ്പോള്‍

തിരിച്ചു നടക്കാന്‍ വഴികളില്ലാത്ത
നിഗൂഡമായ
തുരങ്കത്തില്‍
ഞാന്‍
അകപ്പെട്ടു പോകുമ്പോള്‍,
അറ്റമില്ലാത്ത
ആഴമുള്ള
ചുഴിയിലേക്ക്
മെല്ലെ താഴ്ന്നു താഴ്ന്നു പോകുമ്പോള്‍

പെണ്ണേ
ഇതാ
എന്റെ കവിത,
എന്നെത്തന്നെയും.

സ്തബ്ദം

ഇട വഴിയിലൂടെ
ഒറ്റയ്ക്കു നടന്നുവരുമ്പോള്‍
മുന്നില്‍
കുരച്ചുകൊണ്ട്
മതില് ചാടിവന്ന
ഒരു നായ.

തിരിഞ്ഞോടാന്‍ പോലുമാവാതെ
നായയെപേടിച്ച്
ഞാന്‍,
എന്നെപെടിച്ച് നായ.....

ബോണ്‍സായ്പന്തലിക്കാനുള്ള ആകാശം
നിങ്ങളുടെ
കയ്യെത്തുന്നിടത്തേക്ക്
പരിമിതപ്പെടുത്തി

വേരുകള്‍ക്ക്
ആഴ്ന്നിറങ്ങാനുള്ള ഭൂമിക
കിടപ്പുമുറിയില്‍
അളന്നു വെച്ച്

അച്ചടക്ക രാഹിത്യത്തിനും
പ്രസരിപ്പിനും
മുറിവുകള്‍ നല്‍കി

ഒരിലയോ
ഒരിതളോ അനക്കാതെ
ഗര്‍ഭം ധരിപ്പിച്ച്

പേറ്റുനോവ്‌ പോലും തരാതെ
വൈകൃതങ്ങള്‍
പൊറ്റ കെട്ടിയ
നിങ്ങളുടെ കണ്ണുകളില്‍
ഒതുക്കി,ഒരുക്കി നിര്‍ത്തുമ്പോള്‍

മുത്തശ്ശിക്കഥയിലെ
നാട്ടുവരമ്പില്‍ നിന്ന്
ഇടവഴിയിലേക്ക് ചായാന്‍ കൊതിച്ച
ചില്ലകള്‍
ഇന്ന് ഒരു കിളിക്കൂട്‌ ചോദിക്കുന്നുണ്ട്,

ഇലകള്‍
ഒരു
ഋതുവും.

രക്തസാക്ഷിയുടെ അമ്മ

ഒലിച്ചിറങ്ങിയ
കണ്ണീരിന്
ഇപ്പോള്‍
നെല്ലിക്കയുടെ മധുരമാണ്

ഗ്ലോബിലെ വരകള്‍


ചില
വരകള്‍
മതങ്ങളെപ്പോലെയാണ്.
.
കണ്ണുകള്‍ കൊണ്ട്
കഥ പറയുന്നവര്‍ക്കിടയിലുള്ള
കടലിനെപ്പോലും
പകുത്താണ്
അവ
സഞ്ചരിക്കുക

കൈകള്‍ പിണച്ചു നടക്കുന്നവര്‍ക്കിടയില്‍
ഭ്രാന്തന്‍ മതിലുകളായി
ഉയര്‍ന്നാണ്
അവ
പ്രൌഡി കാണിക്കുക

ഒരു ജാഥയില്‍
ഒരേ താളത്തിലൊഴുകുന്നവരെ
രണ്ടു കരകളിലേക്ക് വേര്‍തിരിച്ചാണ്
അവ
പ്രബലമാകുക

മുടന്തുള്ള ഇരകള്‍ക്ക്
മുറിച്ചു കടക്കാനാവാത്ത

വേലികളിലിരുന്നാണ്
വേട്ടക്കാര്‍ ഉന്നം പിടിക്കുക

ഒരു കണ്ണടച്ചു പിടിച്ചു
നമ്മളെ
നോക്കുക..

ആഘോഷം


സുഹൃത്തേ 

വേഗം
വരൂ...................

വൈധവ്യത്തിന്റെ
പത്താം വാര്‍ഷികത്തില്‍
എന്‍റെ
അമ്മ പെറ്റു

പെയിന്റടിക്കുന്നവന്റെ കുപ്പായം


എത്ര
വിലക്കിയാലും
എവിടെയും ഇരിപ്പുറയ്ക്കാത്ത
ചില തുള്ളികള്‍
കുതറിപ്പുളഞ്ഞു
കുപ്പായത്തിലേക്കു വരും.

യൂണീഫോമണിഞ്ഞു
സ്കൂള്‍ അസംബ്ലിയില്‍
അനുസരണയോടെ പ്രതിജ്ഞ ചൊല്ലാന്‍
കൂട്ടാക്കാത്തവന്റെ
പടച്ചട്ടയിലൂടെ
നിറങ്ങള്‍
കനലുകളിലെക്കും
മയില്‍പ്പീലികളിലേക്കും ചേക്കേറും.

വിരസതയുറഞ്ഞ
വെളുപ്പ്‌
അവന്റെ
വിയര്‍പ്പു കുടിച്ച്
വെള്ളച്ചാട്ടങ്ങളായി
അതിര്‍ത്തികള്‍ ലംഘിക്കും

നൈരാശ്യം പതഞ്ഞ
കറുപ്പ്
അവന്റെ
കരുത്തിനെ കൂട്ടുപിടിച്ച്
കണ്ണാടികളായി
പ്രതിബിംബമുതിര്‍ക്കും

പൊറുതി കിട്ടാത്ത
ചുവപ്പ്
അവന്റെ
ചോരത്തിളപ്പൂറ്റിയെടുത്ത്
ഇടിമിന്നലിന്റെ
ശൌര്യമാര്‍ജ്ജിക്കും

മുഖം വാടിയ
പച്ച
അവന്റെ
സ്വപ്നങ്ങളടര്‍ത്തിയെടുത്ത്
മഴ നനഞ്ഞ കുട്ടിയെപ്പോലെ തുള്ളിച്ചാടും

ചുമരുകള്‍
ഒരു പുല്‍നാമ്പ് പോലും കിളിര്‍ക്കാത്ത
സെമിത്തേരിയും
വര്‍ണ്ണങ്ങള്‍ കലപില പെയ്ത ഈ കുപ്പായം
പൂക്കള്‍ വിടരുന്ന
ഒരു തെമ്മാടിപ്പറമ്പുമാണത്രേ ........!

ചേമ്പിലയിലെ രണ്ടു മഴത്തുള്ളികള്‍

മഴയാവുന്നതിനു മുമ്പേ
അവര്‍
സ്വപ്നം കണ്ടു .


പരന്നിറങ്ങിയാലും
ഇറ്റി വീണാലും
ഒരുമിച്ച്


തെറിച്ചോടുങ്ങിയാലും
ഊര്‍ന്നൊലിച്ചാലും
ഒന്നിച്ച്


ഇലയാടുമ്പോള്‍
ചിതറാതെ
സാഹസികരാവാം


കുമ്പിളില്‍
ഒരു മീനിനെ
(സ്വന്തമായി)
ഗര്‍ഭം ധരിക്കാം


കൈ ചേര്‍ത്ത്
ഞരമ്പിലോടാം
ചുണ്ട് ചേര്‍ത്ത്
ഞെട്ടിലുറങ്ങാം


ഇടയിലൂടെ
വിരലോടിചാലും
തിരിച്ചു ചേരാം.

ഇഷ്ടം


ഈറനില്‍
ഒതുക്കിക്കെട്ടിയ
മുടിക്കെട്ടില്‍പ്പെടാതെ
ചിതറിവീഴുന്ന ജലത്തുള്ളിയെ

അടുക്കളത്തിരക്കില്‍
അടിവയറ്റിലേക്ക്
തെറുത്തുവെക്കുന്ന സാരിത്തലപ്പിനെ

കിടപ്പറയില്‍ മാറിക്കിടക്കുമ്പോള്‍
അതിരിട്ടുപുതയ്ക്കുന്ന
ബെട്ഷീറ്റിനെ

എന്‍റെ ചൂഴ്ന്ന നോട്ടത്തില്‍ പെട്ട്
നാണമാര്‍ന്നോഴിയുന്ന
അവളുടെ കണ്ണുകളെ

ഇഷ്ടം ........

അടുപ്പിലൂതി
കണ്ണു നിറയുമ്പോള്‍,
വിരലിലൂന്നി
എന്തിനില്‍ക്കുമ്പോള്‍

പിണക്കത്തിനു മുമ്പ്
മുഖം തിരിഞ്ഞു
പരാതി പറയുമ്പോള്‍

അബധത്തിന്‍
നഖപ്പാടുകളെ
ചുമ്പിച്ചുണര്‍ത്തുമ്പോള്‍

ഇടി വെട്ടുന്ന രാത്രിയില്‍
ഭയം
സ്നേഹമായ് പെയ്യുമ്പോള്‍

അവളെ,
സൂചിമുനയേക്കാള്‍
കൂര്‍ത്ത മൗനം ശീലിച്ചവളെ
ഏറെ ഇഷ്ടം.............

ഒരു മുസ്ലിം കവിത

തോക്കു ധരിച്ച്
പതുങ്ങി നിന്ന്
നാടു മുടിക്കുന്ന
പിശാചാണ്
അക്ഷരങ്ങള്‍

ആളാതെ,
അണയാതെ
എരിഞ്ഞു കൊണ്ടേയിരിക്കുന്ന
പകയുടെ
ഉമിത്തീയാണ്
വാക്കുകള്‍

ചതിയുടെ
വൃത്തത്തിലാണ്
ആശയങ്ങള്‍ വെരോടുന്നത്

വരികളില്‍
കട്ടപിടിച്ച ചോരയും
വരികള്‍ക്കിടയില്‍
രൂക്ഷമായ അന്ധതയും
ഒളിപ്പിച്ചിട്ടുമുണ്ട്‌..............

കരഞ്ഞു പിറക്കും മുമ്പേ
ആരോ
നെറ്റിയില്‍ കൊത്തിവെച്ച

കറുത്ത മേല്‍വിലാസങ്ങള്‍ക്കിടയില്‍,
വളച്ചൊടിച്ച
നാനാര്‍ത്ഥങ്ങള്‍ക്കും
ദുര്‍വ്യാഖ്യാനങ്ങളുടെ ചിറകില്‍
പെരുമ്പറ മുഴക്കുന്ന
അരൂപികള്‍ക്കുമിടയില്‍
ഞെരിഞ്ഞമരുമ്പോഴും
ഞാന്‍
ഒന്ന് മൂരിനിവരുക പോലും ചെയ്യില്ല.

ജ്വലിക്കുന്ന
സമവാക്ക്യങ്ങളുമായി
എന്നെ
പകര്‍ന്നെടുക്കാന്‍
വരും
ഒരു സഹൃദയനെങ്കിലും

ഉറപ്പ്.....

എന്‍റെ അഭിപ്രായത്തില്‍

ഭ്രാന്തിയോ
വേശ്യയോ ആയിരിക്കും.


രാത്രിയില്‍
ഈ വഴിയരികില്‍
തനിച്ചായിട്ടും
അവള്‍ ചിരിക്കുന്നുണ്ടല്ലോ...

രക്തസാക്ഷിയുടെ അമ്മ


ഒലിച്ചിറങ്ങിയ

കണ്ണീരിനു 
ഇപ്പോള്‍
നെല്ലിക്കയുടെ മധുരമാണ് 

മുന്നറിയിപ്പ്


വരുന്നു ഞങ്ങള്‍
മേല്‍ക്കൂരയില്ലാത്ത വീട്ടില്‍നിന്ന്,
വിയര്‍ത്തൊലിച്ച്........

രാപ്പകലുകളെ തിരുത്തിയെഴുതുന്ന
പരാജിതരുടെ പാളയത്തിലേക്ക്
സ്വപ്നങ്ങളറ്റുപോയ
തിരസ്ക്ര്തരുടെ
ഭൂമികയിലേക്ക്
വധശിക്ഷ കാത്തുകിടക്കുന്ന
നിരപരാധികളുടെ
സങ്കടങ്ങളിലെക്ക്
കബന്ധങ്ങള്‍
പരാക്രമികളോട്-
പകരംചോദിക്കുന്ന
അപാരതയിലേക്ക്
കുനിഞ്ഞശിരസ്സുള്ളവരുടെ
മൗനമുറഞ്ഞ
താഴ്വരയിലേക്ക് .........

വരുന്നു ഞങ്ങള്‍
രക്തദാഹിയായ
അരൂപികളെ
വാക്ക് കോണ്ട് പുകയ്ക്കാന്‍
ചവിട്ടിമെതിക്കുന്ന
ബൂട്ടുകളെ
വീറ് കോണ്ട് മെരുക്കാന്‍
പരന്നൊഴുകുന്ന
നുണകളെ
നേര് കോണ്ട് വറ്റിക്കാന്‍......

വരുന്നു ഞങ്ങള്‍
ചിറകുള്ളവര്‍,
തീയില്‍ മഴനനഞ്ഞു മുളച്ചവര്‍.

മത്സ്യവൃത്തം

പ്രതിരോധം ചവച്ചരയ്ക്കുമ്പോള്‍ 
എന്‍റെ 
തേറ്റയില്‍ കോര്‍ത്തു പോയ 
ഇളം തണ്ടുകളേ

ഞാന്‍
ഭയം വിഴുങ്ങി,
വാലുചുഴറ്റി,
കുതറിപ്പായുമ്പോള്‍
തെറിച്ചുവീണ 
നിരപരാധികളേ

ആമ്പല്‍വള്ളിയില്‍ 
ചൂണ്ടനാരും
നിഴലില്‍ 
വേട്ടക്കാരനെയും
പ്രതീക്ഷിക്കുന്നവരുടെ 
ഉയിരിലലിഞ്ഞ-
പ്രതികരണങ്ങളെ 
നിങ്ങള്‍ 
പരാക്രമങ്ങളെന്ന് പറയരുത് 

വലക്കണ്ണികളില്‍
ചെകിളകള്‍ കുരുങ്ങി 
പിടച്ചോടുങ്ങുമ്പോള്‍
പിഴച്ചവനെന്നും 
ഭീകരന്നുനെന്നും 
മുദ്ര കുത്തുകയുമരുത്.

ഈ 
പുളച്ചിലുകള്‍ക്കപ്പുറത്തേക്ക് 
ചിലര്‍ക്ക് വേണ്ടി 
ഒരുക്കി നിര്‍ത്തുകയാണ്
ഞാനെന്റെ അവയവങ്ങളെ.

മുള്ള്


പൂവിനു പിറകില്‍
അവന്‍
കൂര്‍ത്തുനില്‍ക്കുന്നത്
ആരുമറിയില്ല;
വിരലുകളില്‍ നിന്നു-
ചോരപൊടിയുന്നത് വരെ.......

അവസാനത്തെ അദ്ധ്യായങ്ങള്‍ഞാന്‍
യൗവനത്തില്‍
കൊഴിഞ്ഞ 
ഒരു പച്ചില

അവള്‍
പ്രണയമാം
പ്രളയത്തില്‍ 
ഒലിച്ചുപോയ 
ഒരു മാന്കുട്ടി

കവിത
മൗനം
അലറ്ച്ചയായ്
പ്രതിധ്വനിക്കുന്ന
ഒരു തീരം

വീട്
രക്ഷപ്പെടാനാവാത്ത
ഒരു ചുഴി

ഈ മരണം
ജയിച്ച 
യുദ്ധത്തിനു ശേഷം
മുറിവ് കെട്ടുന്നത് പോലെ
ഒരു സുഖം

ഇത്
അന്ത്യമൊഴി

താരാട്ട് പോലെ ചിലത്

മുറിവിലോട്ടിപ്പിടിച്ച

തുണി
പറിച്ചെടുക്കാനിറ്റിക്കുന്ന
രണ്ടു തുള്ളി-
ചൂടുവെള്ളത്തിന്‍റെ
നേര്‍ത്തപൊള്ളലായ്

എനിക്കുവേണ്ടി
ക്യാന്‍സര്‍വാര്‍ഡിലെ
മുന്‍കോപിയായ
സിസ്ടറോട് കയര്‍ക്കുന്ന
അപരിചിതന്‍റെ
കരുത്തായ്‌ 

വേദനയുടെ കുത്തൊഴുക്കിലും
എന്നിലേക്ക് ചൂഴുന്ന
പ്രതീക്ഷതുടിക്കുന്ന
രണ്ടു കണ്ണുകളായ്‌

നട്ടുച്ചയില്‍,സരസ്സില്‍
കടലാസുതോണിയെ
കൊഞ്ചിക്കാന്‍
ഓര്‍മകളുടെ
സുഗന്ധവുമേറ്റി വരുന്ന
മാരുതനായ്

വരണ്ടചുണ്ടുകള്‍
സ്മിതാര്‍ദ്രമാകുവാന്‍,
ഉഗ്രവിഷം
കത്തിയാളുന്ന നെഞ്ചില്‍
മഞ്ഞു പൊഴിക്കുവാന്‍
തരും
നക്ഷത്രരാജ്യത്തില്‍ നിന്ന്
എന്തെങ്കിലുമൊക്കെ.

ക്യാന്‍സര്‍ വാര്‍ഡിലെ ദൈവം


ഇത് മിന്നാമിനുങ്ങുകള്‍ വിരിയുന്ന
നീലാകാശത്തിന്‍റെ
കറുത്ത മറുപുറം.
ഉരുകിത്തീരുന്നവരുടെ
പരാതിയുടെ സൂചിമുന നെഞ്ചില്‍ തറച്ച്
ചതുപ്പിന്‍റെ ഉടമസ്ഥനു
ഈയിടനാഴിയില്‍
ഉയിര്ത്തെഴുന്നേല്‍പ്പ്.

കാല്‍പ്പാടുകള്‍ പിന്തുടരപ്പെടുന്ന,
ദൃഷ്ടികള്‍ ചൂണ്ടുവിരലുകളാവുന്ന
ഭൂതകാലത്തിലെ
നിറമുള്ള ഏടുകളില്‍
പുഴവകഞ്ഞൊരു നൗക
മറുകര ചുംബിക്കുമ്പോള്‍
ജ്ഞാനത്തിന്‍റെ നനഞ്ഞ ചില്ലുകൂട്ടില്‍
അവ്യക്തനാക്കിയതും
ഇരുട്ടിനെ തോല്‍പ്പിച്ച്
സ്വപ്‌നങ്ങള്‍ സൂര്യനോടടുക്കുമ്പോള്‍
യുക്തിയിലോളിപ്പിച്ചതും
ഒരു തുള്ളി വീഞ്ഞില്‍
സ്വര്‍ഗം കയ്യേറുമ്പോള്‍
ഐതിഹ്യങ്ങളുടെ ചാരുകസേരയില്‍
മയക്കിക്കിടത്തിയതും നേര്.

എന്നാല്‍
കോമരങ്ങള്‍ കൊലങ്ങളാവുന്ന
മിഴിനീര്‍ ശയ്യകളില്‍
വിചാരണ ചെയ്യപ്പെടുമ്പോഴും
പ്രാര്‍ത്ഥനയുടെ പ്രതീക്ഷയില്‍
അവന്‍
അവരുടെ ചിറകുകളാവുന്നു.