ഒരു തെറിയില്‍ മാത്രം പറഞ്ഞവസാനിപ്പിക്കാവുന്ന കാര്യങ്ങള്‍


തമോഗര്‍ത്തത്തിലേക്കൂളിയിട്ട പുഴയുടെ
വാലില്‍ പിടിച്ചു വലിച്ച്
അവരാകെ
തളര്‍ന്നു പോയല്ലോ.

പുരോഹിതരായ പൂച്ചകള്‍
എലികളുടെ
വംശനാശത്തിനെതിരെ
പാര്‍ലമെന്റില്‍
ബില്ലവതരിപ്പിക്കുന്നത് നോക്കൂ.

മറ്റൊന്നുമല്ല കേള്‍ക്കുന്നത്
പരിണമിച്ചില്ലാതായ
ഹൃദയത്തിന്‍റെ
പുനരുദ്ധാരണത്തിന്
പ്രസംഗകന്‍
ആര്‍ത്തു വിളിക്കുന്നതാണ്.

പരിപ്പിന്റെ
ജാതകം നോക്കി
സാമ്പാറുപെക്ഷിച്ചവര്‍
പകല്‍ വെളിച്ചത്തില്‍
ദൈവത്തെ കുപ്പിയിലടച്ച്
കടലിലെറിയാറുള്ളതറിഞ്ഞില്ലേ.

കോടീശ്വരനായ ഗാന്ധി
കണ്ണീരില്‍ നിന്നും
ഉപ്പ് കുറുക്കി
ആകാശത്തേക്ക് വാരിയെറിയുന്നത്
ഇതേവരെ കണ്ടില്ലെന്നോ.

അതാ
ചിലര്‍ ഇരുന്നുറങ്ങുന്നു,
ചിലര്‍ നിന്നുറങ്ങുന്നു,
ചിലര്‍ നടന്നുറങ്ങുന്നു-
എല്ലാവരും കണ്ണ് തുറന്നു പിടിച്ചുറങ്ങുന്നു.....

പറ
ഇങ്ങനെയിങ്ങനെയുള്ള കാര്യങ്ങള്‍
ഒരു തെറിയിലല്ലാതെ
എങ്ങനെയാണ്
നമ്മള്‍  പറഞ്ഞവസാനിപ്പിക്കുക.

ഒരു തെറിയല്ലാതെ
എന്ത് പറഞ്ഞാണ്
നമ്മള്‍ ഈ നമ്മളെ ഉറങ്ങാന്‍ വിടുക.


3 comments:

  1. തെറികളിൽ അവസാനിക്കുന്നത് ഒളിച്ചോട്ടത്തിന്റെ രാഷ്ട്രീയമാണ്.

    ReplyDelete
  2. അമര്‍ത്തിപ്പിടിച്ച എല്ലാ സംസാരങ്ങളെയും പൊത്തിപ്പിടിച്ച എല്ലാ കൂവലുകളെയും പാതിയില്‍ പിന്‍വലിച്ച എല്ലാ ഓങ്ങലുകളെയും ഞാനീ തെറിയിലൂടെ ഒഴുക്കി വിടട്ടെ........

    ReplyDelete
  3. തെറി തെറി തെറി !!!!!!!!!!!!!!!!!!!!

    ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്